Saturday, October 30, 2021


 മഹാബലി
കവിത
                                  -പ്രശാന്ത് മിത്രന്‍                                   

പദവിയുടെ ചെങ്കോലണിഞ്ഞവന്‍ വിണ്ണിന്റെ
കുടിലതയില്‍ വീണു കര്‍മ്മംവെടിഞ്ഞോന്‍.
ചൊടിയിലൊരു ചിരിയുമായ് വന്നുനീ യന്നുമൂ-
ന്നടികള്‍ ചോദിച്ചു ശിരസ്സളന്നോന്‍.

രഥികള്‍തന്‍ വീര്യമാവാഹിച്ച കയ്യുകള്‍
ഗതിമറന്നൂര്‍ദ്ധ്വം നമിച്ചുനിന്നൂ.
സ്തുതിവഴങ്ങാത്തൊരീ നാവില്‍നിന്നാദ്യമായ്-
'ഹരിപാഹി'യെന്നു ഗീതംപിറന്നു.


ഘനമന്ദ്ര തുംഗശൈലാഗ്ര്യനായ് നിന്നുനീ
മനുഭൂവില്‍നിന്നെന്നെ ഭ്രഷ്ടനാക്കി.
അതലംകട ന്നധോലോകത്തിലേക്കുഞാ-
നഭയാര്‍ത്ഥിയെപ്പോ ലമര്‍ന്നുപോയി.


പുതുമുകുളമെന്നപോ ലവിടെമൃതനാ യഗ്നി-
ശിഖയിലുരുകിത്തെളി ഞ്ഞുരുവമായ് ഞാന്‍.
ആസ്യംകുനിച്ചര്‍ത്ഥിയായണയുവോര്‍ക്കിന്നു
ദാസ്യം, ഇല്ലാദാനസാകല്യം.    
 

മൃദുല പദപാന്ഥനാം, ജപനിരതനാം നിന്റെ
മിഴിയിലെഴുമഗ്നി ഞാന്‍ സ്വീകരിച്ചു.
ഹരിയെന്ന ചിന്തയില്ലാതരി നിനക്കെന്റെ-
പുരിയില്‍ ഞാന്‍, ബലി, പൂര്‍ണ്ണകുംഭമേകി.
വിശ്വത്തി്‌നോളം വളര്‍ന്നു നീ ശുക്രന്റെ
ദൃഷ്ടിതകര്‍ത്തര്‍ഗ്ഘ്യമേറ്റുവാങ്ങി.  
പദമൂന്നി മന്നും മനസ്സും വിഹായസ്സും
പ്രഭയും സമസ്തവും സ്വന്തമാക്കി........  

2

മന്വന്തരം പോയ്മറഞ്ഞൂ. വിരക്തിയും
ഖിന്നതയുമായ്ഞാന്‍ കഴിച്ചൂ.
മഞ്ഞുരുകി രാവുകള്‍ വെളുത്തുണര്‍ന്നൂ,
മഷിപുരണ്ടന്തികള്‍ കറുത്തിരുണ്ടൂ.
മയില്‍നീലമാം ഹരിപദങ്ങളില്‍ വിഭക്തിതന്‍
തുളസിക്കുരുന്നുകള്‍ ജപിച്ചെറിഞ്ഞീ-
തറവാട്ടിലേക്കേ മടങ്ങുന്നു ഞാന്‍ നേര്‍ത്തു-
വിറയാര്‍ന്നു വൃദ്ധമാവേലി.

യുഗവല്ലികള്‍ കരിഞ്ഞമരുമീ ബലിനില-
ത്തിമതകരു മാചാര്യ ഗദ്ഗദങ്ങള്‍.
പതനങ്ങളില്‍, പ്പഴംകഥനങ്ങളില്‍ ചീര്‍ത്ത-
വ്യഥ, സങ്കടങ്ങളിള്‍പ്പോലും
ഉരുവിട്ടതോര്‍പ്പുഞാന്‍ നിങ്ങ, ളീ ദനുജന്റെ
ഭരണ സാകല്യങ്ങളെന്നും.
ഈരേഴു ലോകവുമടക്കിയ ഭുജങ്ങള്‍ക്കി-
തീടെഴാ ഭാരമാണെന്നും.
യുഗവല്ലികള്‍ കരിഞ്ഞമരുമീ ബലിനില-
ത്തിമതകരു മാചാര്യ ഗദ്ഗദങ്ങള്‍.
പതനങ്ങളില്‍, പ്പഴംകഥനങ്ങളില്‍ ചീര്‍ത്ത-
വ്യഥ, സങ്കടങ്ങളിള്‍പ്പോലും
ഉരുവിട്ടതോര്‍പ്പുഞാന്‍ നിങ്ങ, ളീ ദനുജന്റെ
ഭരണ സാകല്യങ്ങളെന്നും.
ഈരേഴു ലോകവുമടക്കിയ ഭുജങ്ങള്‍ക്കി-
തീടെഴാ ഭാരമാണെന്നും.

വലവുമിടവുംനിന്നു പൊരുതുവോര്‍ തങ്ങളില്‍
കളവുകളില്‍ വാതുവെയ്ക്കുന്നു.
വല്ലംനിറപ്പൂ ധനാര്‍ത്തിമൂ ത്തന്യന്റെ-
ചെല്ലത്തിലും ചെങ്കരംതാഴ്ത്തിവാരുന്നു
നല്ലനാളെന്നോ മറന്നമണ്ണേ നിന്റെ-
ചില്ലിട്ട പൂര്‍വ്വ സ്മൃതികളില്‍നിന്നു ഞാന്‍
മെല്ലെപ്പറന്ന് പറന്നു പോകുമ്പൊഴും
ഇല്ല പിരിയുന്നതില്ല മനംകൊണ്ട്
കല്ലുളിപ്പാടാര്‍ന്ന നിന്‍സ്‌നേഹ മുദ്രകള്‍.

നല്ലനാളെന്നോ മറന്നമണ്ണേ നിന്റെ-
ചില്ലിട്ട പൂര്‍വ്വ സ്മൃതികളില്‍നിന്നു ഞാന്‍
മെല്ലെപ്പറന്ന് പറന്നു പോകുമ്പൊഴും
ഇല്ല പിരിയുന്നതില്ല മനംകൊണ്ട്
കല്ലുളിപ്പാടാര്‍ന്ന നിന്‍സ്‌നേഹ മുദ്രകള്‍.

ഇല്ല പിരിയുന്നതില്ല മനംകൊണ്ട്
കല്ലുളിപ്പാടാര്‍ന്ന നിന്‍ സ്‌നേഹമുദ്രകള്‍.

See the Audio by the link below;

https://www.youtube.com/watch?v=B7M_PxCcO-s


 

No comments:

Post a Comment